കോഴിക്കോട്: മുക്കത്ത് കെഎസ്ആർടിസി എംപാനൽ ജീവനക്കാരന്‍റെ ആത്മഹത്യാ ശ്രമം . ജോലി നഷ്ടമാകുമെന്ന ഭയത്തെ തുടർന്ന് തിരുവമ്പാടി ഡിപ്പോയിലെ ദേവദാസ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

10 വർഷമായി കെ.എസ്.ആർ,ടി സിയിൽ എംപാനൽ കണ്ടക്ടറായി ജോലി നോക്കി വരികയായിരുന്നു ദേവദാസ്. ജോലി നഷ്ടപെടുമെന്ന ഭയത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. . തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ദേവദാസിനെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. വരുമാന വർധനവ് ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി സി ഇറക്കിയ സർക്കുലർ എംപാനൽ ജീവനക്കാരുടെ ജോലി ഇല്ലാതാക്കുമെന്നാണ് പരാതി. സ്ഥിരം ജീവനക്കാരെ പരമാവധി ഡ്യൂട്ടിക്ക് നിയോഗിക്കുക, എംപാനലുകാരെ ഉപയോഗിക്കുന്നത് കുറക്കുക, ഏഴായിരം രൂപക്ക് താഴെ വരുമാനമുള്ള റൂട്ടുകളിൽ സിംഗിൾ ഡ്യൂട്ടി ആക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുള്ളത്. ഡ്യൂട്ടി കഴിഞ്ഞ് തിരുവമ്പാടി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് ദേവദാസ് ആത്മഹത്യാക്കുറിപ്പ് നൽകിയെങ്കിലും ഇക്കാര്യം ജീവനക്കാർ പൊലീസിൽ അറിയിച്ചില്ലെന്നും പരാതി ഉണ്ട്.

ദേവദാസിന്‍റെ വരുമാനം മാത്രം ആശ്രയിച്ചാണ് രണ്ട് സഹോദരിമാരടക്കമുള്ള കുടുംബം കഴിയുന്നത്. സംസ്ഥാനത്ത് 9000 ത്തോളം എംപാൽ ജീവനക്കാരുണ്ട്.ഒരു ഡ്യൂട്ടിക്ക് 430 തോതിലാണ് എംപാനൽ ജിവനക്കാർക്ക് ലഭിക്കുന്നത്.ജോലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എംപാനൽ ജീവനക്കാർ‍ തിങ്കളാഴ്ച തിരുവന്തപുരത്ത് പ്രതിഷേധ സമരം നടത്തും.