തൃശൂര്‍: ക്വാറി വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന്‍റെ തൃശ്ശൂരിലെ ഒഫീസിന് മുകളിൽ സ്ത്രീകളുടെ ആത്മഹത്യ ഭീഷണി. ക്വാറിക്ക് 10 ദിവസത്തിനുള്ളിൽ സ്റ്റോപ്പ് മെമ്മൊ നൽകാമെന്ന കളക്ടറുടെ ഉറപ്പിലാണ് രാത്രി എട്ടരയോടെ സമരം അവസാനിപ്പിച്ചത്.

ഒന്നര ദിവസം നീണ്ടുനിന്ന ക്വാറിവിരുദ്ധ സമര സമിതിയുടെ പ്രതിഷേധത്തിന് ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടര്‍ന്നാണ് പരിഹാരമായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ തൃശ്ശൂരിലെ ഓഫീസിലെത്തിയ നാല്പതിലധികം വരുന്ന സ്തീകളും കുട്ടികളുമടങ്ങുന്ന സമര സമിതി പ്രവര്‍ത്തകര്‍ ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കാതെ മടങ്ങില്ലെന്ന നിലപാടെടുത്തു. സമരക്കാരുമായി ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ഭരണ കൂടം തയാറാകാത്തതിനെത്തുടര്‍ന്നാണ് വൈകിട്ടോടെ പ്രതിഷേധക്കാര്‍ മന്ത്രിയുടെ ഓഫീസിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇതേത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ എ. കൗശികന്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയത്. പത്തുദിവസത്തിനകം ക്വാറികളുടെ പട്ടയം റദ്ദാക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമര സമിതി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിവിധ രാഷ്ടീയ പാർട്ടി പ്രവർത്തകർ സമര സമിതിക്ക അഭിവാദ്യമർപ്പിച്ച് കൊണ്ട് സ്ഥലത്തെത്തിയിരുന്നു.