രാവിലെ ആറ് മണിയോടെ ബസ് വാഷിംഗ് സെന്ററിന് സമീപം കുറ്റിക്കാട്ടില്‍ കിടക്കുന്ന നിലയിലാണ് കടുവയെ കണ്ടത്.

വയനാട്: സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസിയുടെ ഗ്യാരേജ് പരിസരത്ത് കടുവയെ കണ്ടതായി ജീവനക്കാര്‍ പറഞ്ഞു. രാവിലെ ആറ് മണിയോടെ ബസ് വാഷിംഗ് സെന്ററിന് സമീപം കുറ്റിക്കാട്ടില്‍ കിടക്കുന്ന നിലയിലാണ് കടുവയെ കണ്ടത്.

ഡിപ്പോയിലെ ഡ്രൈവര്‍ പി.മുഹമ്മദ് കുട്ടിയാണ് കടുവയെ ആദ്യം കണ്ടത്. ഉടനെ മറ്റ് ജീവനക്കാരായ രവീന്ദ്രന്‍, സതീശന്‍, ഷിബു എന്നിവരെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ വന്ന് ശബ്ദമുണ്ടാക്കിയപ്പോള്‍ കുറ്റിക്കാട്ടില്‍ പതുങ്ങിയ കടുവ നിമിഷങ്ങള്‍ക്കകം ഓടി മറയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിസരത്ത് തിരച്ചില്‍ നടത്തി. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ബത്തേരി ഡിപ്പോ പരിസരത്ത് മുമ്പും കടുവയെ കണ്ടിരുന്നു.