കേരള കോണ്‍ഗ്രസ് (എം) അംഗമാണ് ഇവിടെ ചെയര്‍മാന്‍ പിന്തുണയ്ക്കുന്നത് സിപിഎം

വയനാട്: കേരള കോണ്‍ഗ്രസ്സ് എം വീണ്ടും യു.ഡി.എഫിന്റെ ഭാഗമായതോടെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ഭരണം ത്രിശങ്കുവില്‍. സി.പി.എമ്മിന്‍റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്സ് (എം) ടി.എല്‍.സാബുവാണ് ബത്തേരി നഗരസഭയുടെ ചെയര്‍മാന്‍. എന്നാല്‍ നിലവിലെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ മുനിസിപ്പാലിറ്റി എല്‍.ഡി.എഫിന് നഷ്ടപ്പെടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 35 അംഗ ഭരണസമിതിയില്‍ സി.പി.എം 17, യു.ഡി.എഫ് 16, കേരള കോണ്‍ഗ്രസ്സ്, ബി.ജെ.പി ഒരോ സീറ്റ് എന്ന തരത്തിലാണ് കക്ഷിനില. 

മാണി യു.ഡി.എഫിലേക്ക് പോയതോടെ ചെയര്‍മാനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിലുണ്ട്. എങ്കിലും കോണ്‍ഗ്രസിലെ വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ആശ്വാസിക്കാമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് അംഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത്. ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് മുന്നണിക്കും ഭരണം പോയതോടെ നേതൃത്വത്തിന്റെ സമ്മതത്തോടെ തന്നെ കേരള കോണ്‍ഗ്രസ് (എം) അംഗം സി.പി.എമ്മിനെ പിന്തുണയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഇക്കഴിഞ്ഞ ഏപ്രില്‍ 26മുതല്‍ ഒരു വര്‍ഷത്തേക്ക് ചെയര്‍മാന്‍സ്ഥാനം സി.പി.എം കേരളകോണ്‍ഗ്രസ്സിന് വിട്ടുനല്‍കുകയായിരുന്നു. 

അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമാണ് ജില്ലാ ഘടകമെന്നും ബത്തേരി നഗരസഭ വിഷയത്തില്‍ പാര്‍ട്ടിതീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ജില്ലാപ്രസിഡന്‍റ് കെ.ജെ.ദേവസ്യ പ്രതികരിച്ചു. പ്രഥമ നഗരസഭയുടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചെങ്കിലും അഞ്ച് വര്‍ഷം തികക്കാനാകുമോ എന്നതിലാണ് ആശങ്ക. പഞ്ചായത്തായിരുന്ന സമയത്ത് ആറുമാസം ഒഴിച്ച് ബാക്കി കാലങ്ങളിലെല്ലാം ഭരിച്ചിരുന്നത് യു.ഡി.എഫ് ആയിരുന്നു