കേസ് ഈ മാസം 28ന് പരിഗണിക്കും.

ദില്ലി: സുനന്ദ പുഷ്കരുടെ കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് ഈ മാസം 28ന് പരിഗണിക്കും. കൂടാതെ സുനന്ദ കേസ് അഡീ.ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ മാത്രം പരിഗണിക്കുന്ന കോടതിയാണിത്. 

സുനന്ദ പുഷ്കരുടെ ആത്മഹത്യക്കേസിൽ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രം പട്യാല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാതെ കേസ് മാറ്റുകയായിരുന്നു. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത് തരൂരിന്‍റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഭർതൃപീഡനം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ശശി തരൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നൽകിയതിനാലും തുടക്കം മുതൽ അന്വേഷണവുമായി സഹകരിച്ച തരൂർ രാജ്യം വിട്ടു പോകാൻ സാധ്യതയില്ലാത്തതിനാലുമാണ് അറസ്റ്റ് ചെയ്യാത്തെതെന്ന് പൊലീസ് പറയുന്നു.