സുനന്ദപുഷ്കറിന്‍റെ മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്നാണ് ദില്ലി പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ ശശി തരൂര്‍ കോടതിയിലെത്തിയിരുന്നു

ദില്ലി: സുനന്ദ പുഷ്‍കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദില്ലി പട്യാല ഹൗസ് കോടതി വാദം കേൾക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചു. സുനന്ദപുഷ്കറിന്‍റെ മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്നാണ് ദില്ലി പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ ശശി തരൂര്‍ കോടതിയിലെത്തിയിരുന്നു. 2014 ജനുവരി 17നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദപുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് ദില്ലി പൊലീസ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്. കേസ് സിബിഐ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിചാരണക്കിടെ വിദേശത്തേക്ക് പോകാൻ അനുമതി തേടി ശശി തരൂര്‍ നൽകിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കേസ് പരിഗണിച്ച ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നൽകിയ ഹർജിയും കോടതി തള്ളി. സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

പൊലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ജനുവരി 14നാണ് ദില്ലി പൊലിസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.