ടാക്സി ഡ്രൈവർമാർ തോർത്ത് മാത്രം ധരിച്ചാണ് ഹോട്ടൽ ലോബിയിൽ പ്രതിഷേധിച്ചത്. ഹോട്ടലുകളിൽ ഡ്രൈവർമാർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ വേറിട്ട രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നതായിൽ പ്രതിഷേധവുമായി ടാക്സി ഡ്രൈവർമാർ. ടാക്സി ഡ്രൈവർമാർ തോർത്ത് മാത്രം ധരിച്ചാണ് ഹോട്ടൽ ലോബിയിൽ പ്രതിഷേധിച്ചത്. ഹോട്ടലുകളിൽ ഡ്രൈവർമാർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ വേറിട്ട രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൊച്ചി ഉൾപ്പെടെയുള്ള പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ഡ്രൈവർമാർ വ്യക്തമാക്കി. ദീർഘദൂര യാത്രകൾ കഴിഞ്ഞ് എത്തുന്ന ഡ്രൈവർമാർക്ക് കിടന്നുറങ്ങാൻ പോലും ഹോട്ടലുകളിൽ മതിയായ സൗകര്യമില്ലെന്നും, പലപ്പോഴും വാഹനത്തിനുള്ളിൽ തന്നെ ഉറങ്ങേണ്ടി വരുന്ന ദയനീയ അവസ്ഥയാണെന്നും അവർ ആരോപിച്ചു. ആവശ്യത്തിന് ശുചിമുറികൾ പോലുമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഹോട്ടൽ അധികൃതരുടെ വിശദീകരണം
എന്നാൽ, ഡ്രൈവർമാരുടെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തെത്തി. ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഹോട്ടലിൽ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ ഹോട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയമായതിനാലാണ് ചില ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നും, അത്തരം കാര്യങ്ങൾ സെക്യൂരിറ്റി ജീവനക്കാരെ അറിയിക്കുകയായിരുന്നു ഡ്രൈവർമാർ ചെയ്യേണ്ടിയിരുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. നേരിട്ട് ഹോട്ടൽ ലോബിയിലെത്തി പ്രശ്നങ്ങളുണ്ടാക്കിയത് ഹോട്ടലിൽ എത്തുന്ന വിദേശികളടക്കമുള്ള അതിഥികളെ ബുദ്ധിമുട്ടിലാക്കിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.



