കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്ന് പ്രതി സുനില്‍ കുമാര്‍. രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കും. ജയിലിലെ ഫോണ്‍ വിളി കേസില്‍ സുനില്‍ കുമാറടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി.

ജയിലില്‍ ഫോണ്‍ വിളിച്ചെന്ന കേസില്‍ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് കാക്കനാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രഹസ്യ മൊഴി നല്കാന്‍ തയ്യാറാണെന്ന് സുനില്‍ കുമാര്‍ അഭിഭാഷകനെ അറിയിച്ചത്. ഇതിനായി ഈ മാസം 18ന് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ ബി.എ ആളൂര്‍ അറിയിച്ചു. സുനില്‍ കുമാറിന് അഞ്ച് മിനിറ്റ് സമയമാണ് അഭിഭാഷകനുമായി സംസാരിക്കാന്‍ കോടതി അനുവദിച്ചത്. ഫോണ്‍ വിളി കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ചാണ് പ്രതിയെ ചോദ്യം ചെയ്തത് എന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി സുദര്‍ശന്‍ അടക്കമുള്ളവരാണ് ചോദ്യം ചെയ്തത്. ഇത് നിയമവിരുദ്ധമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ പൊലീസ് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്ന് പ്രതിഭാഗം പറഞ്ഞു.

സുനില്‍ കുമാറിന്റെയും വിഷ്ണു, വിപിന്‍ ലാല്‍, സുനില്‍ എന്നീ കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യാപേക്ഷയില്‍
വിധി പറയാനായി നാളത്തേക്ക് മാറ്റി. ഗൂഢാലോചന സംബന്ധിച്ച എല്ലാ കാര്യങ്ങളും മൊഴിയായി നല്‍കിയിട്ടുണ്ടെന്ന് കാക്കനാട് ജയിലില്‍ എത്തിച്ചപ്പോള്‍ സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.