കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ജയിലില്‍ നിന്ന് ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും ഫോണ്‍ വിളിച്ചെന്ന് സുനില്‍കുമാര്‍ സമ്മതിച്ചു. ഇതേ തുടര്‍ന്ന് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.
കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ലഭിച്ച സുനില്‍ കുമാറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ കത്തില്‍ വിവരിച്ച കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന മൊഴി നല്‍കിയത്. ജയിലില്‍ വെച്ച് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും നാല് തവണ വിളിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു വിളിച്ചതെന്നും സുനില്‍ കുമാര്‍ പറയുന്നു. ഇയാള്‍ ജയിലില്‍ നിലത്ത് കിടന്ന് ഫോണ്‍ വിളിച്ചിരുന്നുവെന്ന് സഹതടവുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ജയിലിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ച ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിളിച്ചത് ദിലീപിന്റെ മാനേജരെയും നാദിര്‍ഷായെയും ആണെന്ന മൊഴിയില്‍ സുനില്‍ കുമാര്‍ ഉറച്ചു നില്‍ക്കുന്നതോടെ മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഇതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാവുമെന്നാണ് പൊലീസിന്റെ വിശ്വാസം.
