അരുവപ്പാറ സുനില്‍ വധക്കേസിലെ ഒന്നാം പ്രതി കൊച്ചങ്ങാടി സ്വദേശി അമല്‍,മൂന്നാം പ്രതി അരുവപ്പാറ മാലിക്കുടി വീട്ടില്‍ ബേസില്‍ എന്നിവരാണ് പോലീസ് പിടിയിലായത്.മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുനിലിനെ അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.കേസില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ മുങ്ങിയ ഇവരെ കോതമംഗലം ഓടക്കാലിമലയില്‍ നിന്നാണ് പോലീസ് പിടികൂടുന്നത്.

പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിച്ച് പാര്‍ത്തിരുന്ന ഇവരെ കുറുപ്പംപടി സി ഐ കുര്യാക്കോസിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ കീഴ്‌പ്പെടുത്താനുളള ശ്രമത്തിനിടയില്‍ എസ് ഐക്ക് പരിക്കേറ്റു.

ബേസിലും അമലും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു.ക്വട്ടേഷനെടുത്ത് ഒരു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് അങ്കമാലി സ്റ്റേഷനില്‍ ഇവര്‍ക്കെതിരെയുണ്ട്.ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസുകളിലും ഇവര്‍ പ്രതികളാണ്.

അതേസമയം കേസിലെ രണ്ടാം പ്രതി സനൂപ്,നാലാം പ്രതി റോബിന്‍ എന്നിവര്‍ ഒളിവിലാണ്.ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.