കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി സുനില്‍കുമാര്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയതായി സ്ഥിരീകരണം. ദിലീപിന്റെ മാനേജര്‍ അപ്പുണിയെയാണ് സുനില്‍കുമാര്‍ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചു. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുനില്‍കുമാര്‍. ജയിലിലെ ഫോണില്‍ നിന്നാണ് സുനില്‍കുമാര്‍ ദിലീപിന്റെ മാനേജരെ വിളിച്ചത്. ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച സുനില്‍കുമാറിന്റെ സഹതടവുകാരന്‍ വിഷ്ണുവിനെ ചോദ്യം ചെയ്തുവരികയാണ്. നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തന്നെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ഭീഷണിപ്പെടുത്താന്‍ ശ്രമം നടന്നതായി ദിലീപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ദിലീപിന് സുനില്‍കുമാര്‍ അയച്ചതെന്ന് പറയപ്പെടുന്ന കത്തും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കത്ത് സുനില്‍കുമാര്‍ എഴുതയതല്ലെന്നാണ് അഭിഭാഷകന്റെ വാദം.