തൃശ്ശൂര്‍: തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത സി കേരള മുഖ്യമന്ത്രിക്ക് എഴുതിയ തുറന്നകത്ത് ചര്‍ച്ചയാകുന്നു. ഇരുപത്തിയൊന്ന് വര്‍ഷത്തോളം ഗാര്‍ഹികമായ പീഡനത്തിന് ഇരയാകുന്ന തന്‍റെ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടല്‍ മൂലം നീതി ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. പലപ്രവാശ്യം നീതിക്കായി പോലീസിനെ സമീപിച്ചെങ്കിലും അവിഹിതമായ ഇടപെടലുകള്‍ നടന്നെന്നും. പോലീസിന് പലപ്പോഴും ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററില്‍ ജോലി ചെയ്യുന്ന തന്‍റെ ഭര്‍തൃസഹോദരി ഓമന വേണുഗോപാല്‍, ഇവരുടെ ഭര്‍ത്താവും ചിന്തയിലെ ജീവനക്കാരനുമായ വേണുഗോപാലുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് തന്‍റെ നീതി അട്ടിമറിക്കുന്നത് എന്ന് സുനിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 9 ന് അച്ഛന്‍റെ മരണത്തിന് ശേഷം ചെമ്മപ്പള്ളിയിലെ ഭർത്താവിന്‍റെ വീട്ടലെത്തിയ തന്നെ ഭര്‍ത്താവ് യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകൾക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും, എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെൽറ്റുകൊണ്ട് തുരുതുരാ അടിച്ചു പൊളിച്ചെന്നും സുനിത ആരോപിക്കുന്നു. ബോധം മറഞ്ഞ തന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് സുനിത പറഞ്ഞു
എന്നാല്‍ ആശുപത്രിയില്‍ എത്തി രണ്ടു നാൾ കഴിഞ്ഞാണ് അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്. എടുത്ത കേസ് ആകട്ടെ ദുർബലമായ വകുപ്പുകള്‍ ചേർത്താണെന്നും സുനിത ആരോപിക്കുന്നു. വീട്ടിലേക്ക് മടങ്ങിയ സുനിത പിന്നീട് അന്തിക്കാട് സിഐ മനോജ് കുമാറിനെ കാണാന്‍ എത്തി. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടല്‍ സിഐ തനിക്കും സുഹൃത്തിനും മുന്നില്‍ സമ്മതിച്ചെന്ന് സുനിത പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടാന്‍ മാത്രം എന്താണ് ഈ കേസില്‍ ഉള്ളതെന്ന് സിഐ തന്നെ ചോദിച്ചു. തന്നെ ഭ്രാന്തിയാക്കുവാനും, കേസ് ഒത്തുതീര്‍പ്പാക്കാനുമാണ് പോലീസ് ശ്രമിക്കുന്നതെന്ന് സുനിത പറയുന്നു.
സ്ത്രീസുരക്ഷ സംബന്ധിച്ച് ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അപ്പോഴും അദ്ദേഹത്തിന്‍റെ ഓഫീസുകാരണം നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് താന്‍ പരസ്യമായി പ്രതികരിച്ചത് എന്ന് സുനിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
