സണ്ണി ലിയോണിയും ബഹുമാനിക്കപ്പെടണം
ഇൻഡോർ: എന്തിനാണ് സണ്ണി ലിയോണിയെ അവരുടെ ഭൂതകാല പ്രതിച്ഛായ വച്ച് വിലയിരുത്തുന്നത്? നർഗീസിനെയും ശ്രീദേവിയെയും മാധുരി ദീക്ഷിതിനെയും പോലെ അവരെയും പരിഗണിച്ചാലെന്താണ് പ്രശ്നം? ഹർദ്ദിക് പട്ടേൽ ചോദിക്കുന്നു. മറ്റേതൊരു ബോളിവുഡ് നടിമാരെയും പോലെ സണ്ണി ലിയോണിയും ബഹുമാനം അർഹിക്കുന്നുവെന്ന അഭിപ്രായവുമായി പട്ടീദാർ കോട്ട നേതാവ് ഹർദിക് പട്ടേൽ. അവരുടെ പഴയകാല ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവരെ കാണുന്നതെങ്കിൽ യാതൊരു മാറ്റവും ഈ രാജ്യത്ത് സംഭവിക്കാൻ പോകുന്നില്ല.
മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് ഹർദിക് പട്ടേൽ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.
മധ്യപ്രദേശിലെ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹർദ്ദിക് പട്ടേൽ. അധികാരത്തിന് വേണ്ടി അത്യാഗ്രഹമുള്ളവരാണ് ബിജെപിക്കാർ. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുകയാണെങ്കിൽ 2019 ലെ ശേഷം പിന്നീട് തെരഞ്ഞെടുപ്പ് നടത്തേണ്ടി വരില്ല എന്നാണ് തന്റെ അഭിപ്രായം എന്നും ഹർദ്ദിക് പട്ടേൽ പറഞ്ഞു. കർണാടകയിലെ സംഭവവികാസങ്ങളാണ് തന്നെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നാണ് ഹർദ്ദിക് പട്ടേലിന്റെ വാക്കുകൾ.
