Asianet News MalayalamAsianet News Malayalam

പിണറായി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു'; ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകള്‍ എത്തുമെന്ന് സണ്ണി എം കപിക്കാട്

ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പിലാക്കാനുള്ള തടസം എന്താണെന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണമെന്ന് സണ്ണി എം കപിക്കാട്. കേരളത്തിലെ ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് മല കയറുമെന്നും സണ്ണി എം കപിക്കാട്. 

Sunny M Kapikkad against Pinarayi Vijayan
Author
Thiruvananthapuram, First Published Dec 17, 2018, 12:15 PM IST

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സര്‍ക്കാറിനുള്ള  പിന്തുണ പിന്‍വലിക്കുന്നതായി ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വില്ലുവണ്ടി സമരത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പിലാക്കാനുള്ള തടസം എന്താണെന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണമെന്നും സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു. സപ്തംബര്‍ 28നാണ് ശബരിമല യുവതീപ്രവേശന വിധി വന്നത്. സുപ്രീംകോടതി വിധി പറഞ്ഞാല്‍ അത് നിയമമാണ്. എന്നാല്‍, ഇത്രകാലമായിട്ടും വിധി നടപ്പിലായിട്ടില്ല.

ശബരിമലയില്‍ ഒരു സ്ത്രീ പോലും പ്രവേശിക്കാതിരിക്കാന്‍ സംഘികളല്ല, സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തത് പോലെയുള്ള പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി നടപ്പിലാക്കാന്‍ തടസം നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ സവര്‍ണരാണെങ്കില്‍ അത് പറയണമെന്നും വിധി നടപ്പിലാക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്ക് നിരുപാധികം കൊടുത്ത പിന്തുണ പിന്‍വലിച്ചിരിക്കുന്നുവെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

കേരളത്തിലെ ദളിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് മല കയറുമെന്നും സണ്ണി എം കപിക്കാട് പ്രഖ്യാപിച്ചു. കൂട്ടമായി എത്തുന്ന തങ്ങളെ തടയാന്‍ സംഘപരിവാറിന് ധൈര്യമുണ്ടെങ്കില്‍ തടയട്ടെയെന്നും വിധി നടപ്പിലാക്കാന്‍ ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ലെന്നും അത് തങ്ങള്‍ തന്നെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios