ബംഗളൂരു: നടി സണ്ണി ലിയോണിന്‍റെ നൃത്ത പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് കേരള പൊലീസിന്‍റെ അഭിപ്രായം തേടിയ ശേഷം. ഓഗസ്റ്റില്‍ കൊച്ചിയില്‍ നടന്ന സണ്ണി ലിയോണിന്‍റെ പരിപാടിക്ക് ആരാധകരുടെ തളളിക്കയറ്റമുണ്ടായത് പ്രശ്നങ്ങള്‍ സൃഷ്‌ടിച്ചെന്നും അതാണ് ബംഗളൂരുവിലെ സണ്ണി നൈറ്റ് വിലക്കാന്‍ കാരണമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞു. നിശാനൃത്തം ശരിയല്ലെന്നും ഭരതനാട്യമോ നാടകമോ ഒക്കെ അനുവദിക്കാമെന്നുമാണ് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ നിലപാട്..
പുതുവത്സര രാത്രി ത്രസിപ്പിക്കാനെത്തുന്ന സണ്ണി ലിയോണിനെ കാത്തിരിപ്പായിരുന്നു ബംഗളൂരു. 8000 രൂപവരെയുളള ടിക്കറ്റുകള്‍ ഞൊടിയിടയിലാണ് വിറ്റുപോയത്. എന്നാല്‍ കന്നഡ രക്ഷണ വേദികയുടെ അപ്രതീക്ഷിത എതിര്‍പ്പും അതിനെത്തുടര്‍ന്ന് സര്‍ക്കാരിന്‍റെ വിലക്കും വീണതോടെ സണ്ണി നൈറ്റ് തീര്‍ന്നു. കന്നഡ രക്ഷണ വേദിക നേതാക്കള്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതാണ് പരിപാടി വിലക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കര്‍ണാടക സംസ്കാരം നശിപ്പിക്കാനാണ് സണ്ണി എത്തുന്നതെന്ന പ്രചാരണം മറ്റ് കൂട്ടരും ഏറ്റെടുക്കുമോ എന്നും പേടിയായി. എന്നാല്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി വിലക്കിന്‍റെ കാരണം ഇന്ന് വെളിപ്പെടുത്തി. കൊച്ചിയില്‍ സണ്ണി ലിയോണെത്തിയപ്പോളുണ്ടായ ആള്‍ക്കൂട്ടമാണ് പ്രശ്നം. ആരാധകര്‍ കുഴപ്പക്കാരായിരുന്നു എന്നാണ് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ആരാധകരും എതിര്‍ക്കുന്നവരും ഒന്നിച്ചെത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും അതുകൊണ്ട് അനുമതിയില്ലെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം.
സണ്ണിയുടെ പാരമ്പര്യവും ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങളുമായിരുന്നു കന്നഡ രക്ഷണവേദികയുടെ കുഴപ്പം. ആഭ്യന്തരമന്ത്രിക്കും ഏതാണ്ട് അതേ നിലപാടാണ്. വല്ല ഭരതനാട്യമോ നാടകമോ ആയിരുന്നെങ്കില്‍ അനുമതി കൊടുത്തേനേ എന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. എന്നാല്‍ ചില കന്നഡ സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ ഉടനടി അംഗീകരിച്ചതിന് പിന്നില്‍ വേറെ സംഗതികളുണ്ടെന്നാണ് മറ്റ് ചിലരുടെ വാദം. ദേശീയവാദം പറയുന്ന ബി.ജെ.പിയെ പൂട്ടാന്‍ കോണ്‍ഗ്രസിന്‍റെ കയ്യിലെ വടിയാണ് കന്നഡ വാദം. അതിന് കന്നഡ സംഘടനകളില്ലാതെ പറ്റില്ല. സംസ്ഥാനത്തിന് സ്വന്തം പതാകയും കന്നഡ ഭാഷ നിര്‍ബന്ധമാക്കലുമെല്ലാം നടപ്പാക്കുന്നത് എതിര്‍ക്കാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി. സണ്ണി ലിയോണ്‍ കഴിഞ്ഞ സ്ഥിതിക്ക് കന്നഡ സംഘടനകള്‍ വേറെ ആവശ്യവുമായി ഉടനെത്തും. മെയ് മാസം തെരഞ്ഞെടുപ്പാണ്. അതുവരെ ആവശ്യങ്ങള്‍ക്കെല്ലാം പച്ചക്കൊടി കാട്ടും സിദ്ധരാമയ്യ സര്‍ക്കാര്‍.
