കണ്ണൂര്‍: സൂര്യാഘാതമേറ്റ് കണ്ണൂരില്‍ ഒരാള്‍ മരിച്ചു.ആലക്കോട് തടിക്കടവിലെ വലിയകരോട്ടില്‍ ജോയ് എന്ന് ജോസഫ് ആണ് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണ് മരിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ജോയിയുടെ മരണം സൂര്യാഘാതം കൊണ്ടാണെന്ന് ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെങ്ങ്കയറ്റ തൊഴിലാളിയായ ജോയ് ജോലികഴിഞ്ഞ് മടങ്ങവെയാണ് തടിക്കടവിനടുത്ത് റോഡില്‍ കുഴഞ്ഞുവീണത്. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞാണ് പ്രദേശവാസികള്‍ ജോയി നിലത്ത് വീണ്കിടക്കുന്നത കണ്ടത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി ബാലകിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജോയ് കുഴഞ്ഞ് വീണ് ഏതാനും സമയം കഴിഞ്ഞാണ് നാട്ടുകാര്‍ കണ്ടത്. അതുകൊണ്ടാകാം വലിയതോതില്‍ ദേഹത്തെ തൊലി പൊളിഞ്ഞുപോയതെന്നാണ് ഡോകട്ര്‍മാര്‍ പറയുന്നത്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.തളിപ്പറമ്പ് താഹസില്‍ദാര്‍ കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനയക്കുമെന്ന് കളക്ടര്‍ വ്യകത്മാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി 39 ഡിഗ്രിവരെയാണ് കണ്ണൂരിലെ താപനില.