ചെന്നൈ: മധുര തിരുമംഗലത്തിന് സമീപം ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളെയും പുറത്താക്കി പുരുഷന്‍മാര്‍ മാത്രം പങ്കെടുക്കുന്ന ക്ഷേത്രാചാരം വാര്‍ത്തയാകുന്നു. ശബരിമല യുവതിപ്രവേശനം കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ പൂര്‍ണമായും മാറ്റിനിര്‍ത്തുന്ന ചടങ്ങ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെയുളളവരെ പൂര്‍ണമായും അകറ്റിനിര്‍ത്തുന്നതാണ് ക്ഷേത്രാചാരം. 

തിരുമംഗലം അനുപപട്ടി ഗ്രാമത്തിലെ കരുമ്പാറ മുത്തയ്യ ക്ഷേത്രത്തിലാണ് ഈ പരമ്പരാഗത പൂജാവിധികള്‍ നടന്നത്. വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തില്‍ 50 ആടുകളെ ബലി നല്‍കി. ഇതിന്‍റെ ഇറച്ചി കൊണ്ട് ഭക്ഷണം പാകം ചെയ്തത് പുരുഷന്മാരാണ്. ശനിയാഴ്ച രാവിലെ ഇറച്ചി വിഭവങ്ങള്‍ ഉള്‍പ്പെടെ സമൃദ്ധമായ സദ്യ ഒരുക്കി. കറിവിരുന്ത് എന്നാണ് ഇതിന് പറയുന്നത്. 

ക്ഷേത്ര പരിസരത്ത് പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഒരേസമയം നൂറുകണക്കിന് പുരുഷന്‍മാര്‍ നിലത്തിരുന്ന് വാഴയിലയില്‍ ഭക്ഷണം കഴിച്ചു. ഇല എടുത്തുമാറ്റാറില്ല. ഇലകള്‍ ഉണങ്ങിയതിന് ശേഷമേ സ്ത്രീകള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താന്‍ അനുമതിയുളളൂ. അതാണ് ക്ഷേത്രാചാരം.