തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ യുവനടിക്ക് പിന്തുണയര്‍പ്പിച്ച് തലസ്ഥാനത്ത് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ. കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും മുന്‍കൂര്‍ ജാമ്യം അടക്കം നേടി രക്ഷപ്പെടാന്‍ പ്രതിയെ അനുവദിക്കില്ലെന്നും സിനിമാ-സീരിയല്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രഖ്യാപിച്ചു. കൊടും ക്രൂരതകള്‍ ഏറ്റുവാങ്ങിയിട്ടും നിയമപോരാട്ടനിറങ്ങിയ പ്രിയ സുഹൃത്തിന് ഒപ്പമുണ്ടാകുമെന്നവര് പ്രഖ്യാപിച്ചു.

സംഘടനകള്‍ക്കപ്പുറം വരേണ്ട ഐക്യത്തെയും അച്ചടക്കത്തേയും കുറിച്ചുള്ള ചര്‍ച്ചയ്‌ക്കും പ്രതിഷേധ കൂട്ടായ്മ സാക്ഷിയായി. കലാകാരന്മാര്‍ക്കിടയിലും ക്വട്ടേഷന്‍ ബന്ധങ്ങള്‍ ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യവും തടയണമെന്നത് അടക്കം സ്വയം വിമര്‍ശനങ്ങളും ഉയര്‍ന്നു.തുറന്നുപറച്ചിലുകള്‍ക്കിടയിലും ചിലര്‍ വിതുമ്പി, ചിലര്‍ രോഷാകുലരായി,

തിരവനന്തപുരം മാനവീയം വീഥിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാഷ്‌ട്രീയ സാംസ്കാരിക പ്രവര്‍ത്തകരും അണിനിരന്നു.