ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇകെ സുന്നി മുഖ പത്രം. വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറാകണം. ലീഗ് സമവായശൈലി അവസാനിപ്പിക്കണം. എല്ലാം സഹിച്ച് സമവായം വേണ്ടെന്നും സുന്നി മുഖപത്രം.

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇകെ സുന്നി മുഖ പത്രം സുപ്രഭാതം. ലീഗ് എല്ലാം സഹിച്ചുള്ള സമവായശൈലി അവസാനിപ്പിക്കണമെന്നും സുപ്രഭാതം ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ആവശ്യപ്പെടുന്നു. വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറാവണമെന്നും മുഖപ്രസംഗത്തില്‍ പരാമര്‍ശം. ലീഗ് സമവായശൈലി അവസാനിപ്പിക്കണം. എല്ലാം സഹിച്ച് സമവായം വേണ്ടെന്നും സുന്നി മുഖപത്രത്തിൽ പറയുന്നു. സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.

ലീഗ് മൂന്നാം സീറ്റാവശ്യപ്പെടണമെന്ന ചര്‍ച്ച പാര്‍ട്ടിക്കകത്ത് മുറുകിയിരിക്കെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി തങ്ങളുടെ മകന്‍റെതായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലുന്നയിച്ച ആവശ്യങ്ങളെ പിന്തുണച്ചാണ് മുഖപ്രസംഗം. 

എല്ലാം സഹിച്ച് സമവായത്തില്‍ അലിയുന്ന ശൈലി ലീഗ് അവസാനിപ്പിക്കണം. തോല്‍ക്കുന്നതാണെങ്കില്‍ കൂടി മൂന്നാം സീറ്റ് ചോദിച്ചു വാങ്ങണം. വെല്ലുവിളികളേറ്റെടുക്കാതെ വിജയം നേടാനാകില്ല, രണ്ട് സീറ്റുകളിലൊതുങ്ങിക്കൂടാനുള്ള ലീഗ് തിരുമാനം ആത്മഹത്യാപരമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു, മുമ്പ് നേതാക്കള്‍ പോരാടി നേടിയ പല നിയമസഭാ സീറ്റുകളും ലീഗ് വിട്ട് കൊടുത്തതിനെയും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ലീഗ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖപ്രസംഗം. മുസ്ലിം ലീഗിന്‍റെ പ്രധാന വോട്ട് ബാങ്കാണ് സമസ്ത ഇ കെ സുന്നി വിഭാഗം. മുന്നാം സീറ്റെന്ന ആവശ്യമവര്‍ പരസ്യമായി ഉന്നയിച്ചതോടെ ലീഗിന് മേല്‍ സമ്മര്‍ദ്ദം ശക്തമായി.

നിലവില്‍ ആകെയുള്ള 20 സീറ്റില്‍ 16 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം), ഒരു സീറ്റിൽ ആർ.എസ്.പിയുമാണ് യുഡിഎഫ് മത്സരിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് മൂന്നാമത്തൊരു സീറ്റ് കൂടി അനുവദിച്ച് തരണം എന്ന് ഇന്നത്തെ യോഗത്തില്‍ ലീഗ് ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ലോക്സഭാ സീറ്റുകളിലൊന്ന് തരണം എന്നാണ് ലീഗിന്‍റെ ആവശ്യം.