സ്റ്റേ ഒഴിവാക്കി അന്വേഷണ നടപടികള്‍ തുടരാന്‍ അവസരമൊരുക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. 

ദില്ലി; സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസ് സുപ്രീം കോടതിയിലെത്തി. കര്‍ദിനാളിനെതിരായ അന്വേഷണം തടഞ്ഞ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ എന്നയാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഭൂമിഇടപാടില്‍ നടന്ന ക്രമക്കേടുകള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ അടക്കമുള്ള സഭാനേതൃത്വത്തെ പ്രതിയാക്കി പോലീസ് എഫ്.ഐ.ആര്‍ ഇട്ടതെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ എഫ്.ഐ.ആര്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ ഒഴിവാക്കി അന്വേഷണ നടപടികള്‍ തുടരാന്‍ അവസരമൊരുക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. 

നാളെ കേസ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം. ഹൈക്കോടതിയില്‍ ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. കേസില്‍ നിഷ്പക്ഷമായ വിചാരണ ഉറപ്പാക്കാന്‍ ക്രിസ്ത്യന്‍ സമുദായാംഗം അല്ലാത്ത ന്യായാധിപന്‍ വിചാരണ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.