ക്വാറി കേസില്‍ ക്വാറി ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. ക്വാറി ഉടമകളുടെ ഹര്‍ജികള്‍ കോടതി തള്ളി. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം അനുസരിച്ച് ലൈന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് കോടതി ഉത്തരവിട്ടു.

സംസ്ഥാനത്തെ അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. അതു ചോദ്യം ചെയ്ത് ക്വാറി ഉടമകളാണ് സുപ്രീംകോടതിയിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം അനുസരിച്ച് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന് ക്വാറി ഉടമകള്‍ വാദിച്ചു. സര്‍ക്കാരും ആ വാദത്തെ പിന്തുണച്ചു. എന്നാല്‍ റോഡുനീളെ ക്വാറികളായാല്‍ എന്താകും അതിന്‍റെ ആഘാതമെന്ന് ചോദിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി. നേരത്തെ ദീപക് കുമാര്‍ കേസില്‍ പരിസ്ഥിതി അനുമതിക്കാര്യത്തില്‍ സുപ്രീംകോടതി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ വനംപരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം കേരളത്തിന് ബാധകമാണെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരിവയ്‍ക്കുകയും ചെയ്തു. അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ അത് നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളും കോടതി തള്ളി. ക്വാറി ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്നാണ് കേസില്‍ നേരത്തെ സുപ്രീംകോടതി നടത്തിയ പരാമര്‍ശം.