ദില്ലി: വരള്‍ച്ച മൂലം കൃഷി നശിച്ചവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ വേനലവധിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നും പൊതു വിതരണ സംവിധാനത്തിനു മേല്‍നോട്ടം വഹിക്കാന്‍ നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിനു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച കോടതി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാരെ ഉടന്‍ നിയമിക്കണമെന്നു സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേതനം ഉറപ്പാക്കുന്നതിന് എംപ്ലോയിമെന്ററി കൗണ്‍സില്‍ രൂപീകരിക്കണമെന്നും കോടതി യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സ്വരാജ് അഭിയാന്‍ എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ നിര്‍ദേശിച്ചു.