ദില്ലി: സുപ്രിംകോടതിയില്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കാന്‍ റോസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെതാണ് ഉത്തരവ്. ഇത് സംബന്ധിച്ച വിജ്ഞാപനം സുപ്രിംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫെബ്രവരി അഞ്ച് മുതല്‍ റോസ്റ്റര്‍ സംവിധാനത്തിലായിരിക്കും കേസുകള്‍ പരിഗണിക്കുക.

ഭരണഘടനപരമായതും പൊതുതാല്‍പര്യഹര്‍ജികളും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട കേസുകളും ചീഫ് ജസ്റ്റിസ് പരിഗണിക്കും. ബാക്കിയുള്ളവ മുതിര്‍ന്ന് ജഡ്ജിമാര്‍ക്ക് വീതിച്ച് നല്‍കും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ചെലമേശ്വര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക വിഷയങ്ങളില്‍ കേസുകള്‍ വീതിച്ചു നല്‍കുന്നതാണ് റോസ്റ്റര്‍ സമ്പ്രദായം. മറ്റു കേസുകളിലും ഇത്തരത്തില്‍ കേസുകള്‍ പരിഗണിക്കാന്‍ കൃത്യമായ റോസ്റ്റര്‍ രീതി നിര്‍വ്വചിക്കും. 

സുപ്രിംകോടതിയില്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ വീതിച്ച് നല്‍കുന്നത് യുക്തിരഹിതമായാണെന്ന ആരോപണവുമായി മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇത് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. സുപ്രിം കോടതി ചീഫ് ജസ്റ്റിസുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിരവധി ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് ആരോപണ വിധേയമായ കേസ് വീതിച്ചു നല്‍കലിന് പുതിയ റോസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.