ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന് നേരത്തെ തന്നെ വിവിധ ഹൈക്കോടതികള്‍ നേരത്തെ വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത് വിവിധ സംസ്ഥാന സര്‍ക്കാറുകളും മറ്റുള്ളവരും നല്‍കിയ ഹര്‍ജികള്‍ കുറേ കാലങ്ങളായി കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഈ കേസുകള്‍ക്കാണ് ഇന്ന് ചീഫ് ജസ്റ്റിസ്‍ ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. രാജ്യത്ത് ദേശീയ-സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ പരിധിയിലുള്ള  എല്ലാ മദ്യശാലകളും പൂട്ടണമെന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ഇപ്പോള്‍ ലൈസന്‍സുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. ഏപ്രില്‍ ഒന്നുമുതല്‍ ഈ സ്ഥലങ്ങളില്‍ മദ്യശാലകള്‍ പാടില്ല. ഇതോടൊപ്പം 500 മീറ്റര്‍ പരിധിക്ക് അപ്പുറത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ ബോര്‍ഡുകളോ സൂചനകളോ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിക്കാനും പാടില്ല. എല്ലാ സംസ്ഥാന ഡിജിപിമാരും ജില്ലാ കളക്ടര്‍മാരും ഇക്കാര്യം ഉറപ്പുവരുത്തണം. വിധി നടപ്പാക്കിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം.

ഇന്നുമുതല്‍ ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപം പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യവില്‍പ്പന തന്നെ പാടില്ലെന്ന് ഉത്തരവിട്ടിരിക്കുന്നതിനാല്‍ മദ്യ ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും കോടതി വിധി ഒരുപോലെ ബാധകമാണ്. മുനിസിപ്പല്‍ പ്രദേശങ്ങളിലൂടെ ദേശീയ, സംസ്ഥാന പാതകള്‍ കടന്നു പോകുന്നുണ്ടെങ്കില്‍ ആ പാതകള്‍ക്കും 500 മീറ്റര്‍ പരിധിയില്‍ മദ്യശാല പാടില്ലെന്ന് ഉത്തരവ് പറയുന്നു.