ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ പ്രത്യേക ബഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവര്‍ക്ക് പകരം ആര്‍. ഭാനുമതി, സി. നാഗപ്പന്‍ എന്നിവരെ ഉള്‍പ്പെടുത്തി. കേസ് നിര്‍ണ്ണായക ഘടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഒരു വനിതാ ജഡ്ജിയെക്കൂടി ഉള്‍പ്പെടുത്തി സുപ്രീം കോടതി ബഞ്ച് പുനസംഘടിപ്പിച്ചിരിക്കുന്നത്. കേസില്‍ വാദം എത്രയും വേഗം പൂര്‍ത്തിയാക്കി വിധി പറയും എന്ന സൂചന നേരത്തെ സുപ്രീം കോടതി നല്കിയിരുന്നു. എന്നാല്‍ രണ്ടു ജഡ്ജിമാര്‍ മാറിയ സാഹചര്യത്തില്‍ ഇതു നീണ്ടു പോകാനാണ് സാധ്യത. ഹര്‍ജിക്കാരുടെ വാദം പുതിയ ജഡ്ജിമാരുടെ മുമ്പാകെ വീണ്ടും ഉന്നയിച്ചേക്കും.

ഹര്‍ജിക്കാരുടെ വാദംകേള്‍ക്കല്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഒപ്പം ഹാപ്പി ടു ബ്ളീഡ് എന്ന സംഘടനയ്‌ക്കു വേണ്ടി ഇന്ദിരാ ജയസിംഗും സ്‌ത്രീപ്രവേശനത്തിനു വേണ്ടി ശക്തമായി വാദിച്ചിരുന്നു. ദേവസ്വം ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലാണ് ഹാജരാകുന്നത്. കേസില്‍ ദേവസ്വം ബോര്‍ഡിന്റെ വാദം തുടരുകയാണ്. ഇനി സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കണം. പുറമെ തന്ത്രി കുടുംബത്തെ പ്രതിനിധീകരിക്കുന്ന തന്റെ വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അപേക്ഷിച്ചിരുന്നു. അയ്യപ്പസേവാസമാജവും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. എന്തായാലും രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു കേസ് പരിഗണിക്കുന്ന ബഞ്ചിലാണ് സുപ്രീം കോടതി സുപ്രധാന മാറ്റം വരുത്തിയിരിക്കുന്നത്.