സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സമൂഹത്തിന്റെ ധാര്‍മ്മികത കാലത്തിനൊത്ത് മാറേണ്ടതാണെന്ന പരാമര്‍ശത്തോടെയാണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യകത മൗലിക അവകാശമാണെന്ന ഒമ്പതംഗ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി സ്വവര്‍ഗാനുരാഗികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. സ്വവര്‍ഗരതി സ്വകാര്യതയുടെ ഭാഗമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നിയമം ജീവിതത്തിന് എതിരെയല്ല, ജീവിതത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് പറഞ്ഞു. ജീവിതത്തിലെ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിന് എന്നും ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സമൂഹത്തിന്‍റെ ധാര്‍മ്മികത കാലത്തിനൊത്ത് മാറേണ്ടതാണെന്നും കോടതി പറഞ്ഞു.

സ്വവര്‍ഗ്ഗരതി കുറ്റകരമാകുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് 2013ല്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. അതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. പിന്നീട് വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തന്നെ തീരുമാനിച്ചു. ഇതിനിടെയാണ് സ്വകാര്യത മൗലിക അവകാശമാണെന്ന വിധി വന്നത്. സ്വകാര്യതാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ എത്തിയ അഞ്ച് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിലേക്ക് പോകുന്നത്.