സൗമ്യക്ക് നേരെ ഗോവിന്ദസ്വാമി ട്രെയിനില്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് മരണം സംഭവിച്ചതെന്ന് സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ട്രെയിനില്‍ വെച്ച് സൗമ്യയുടെ തല പലതവണ ഭിത്തിയില്‍ ഇടിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സൗമ്യക്ക് ട്രെയിനില്‍ നിന്ന് സ്വയം പുറത്തേക്ക് ചാടാന്‍ സാധിക്കുമായിരുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസിലെ നാലാമത്തെയും നാല്‍പതാമത്തെയും സാക്ഷിമൊഴികള്‍ സൗമ്യ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. സൗമ്യയെ ഗോവിന്ദസ്വാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് സാക്ഷികള്‍ കണ്ടിട്ടില്ല. സൗമ്യ യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്‍റില്‍ ഗോവിന്ദസ്വാമിയെ കണ്ടവരും ഇല്ല. ഇടതുകൈപ്പത്തി ഇല്ലാത്ത ഗോവിന്ദസ്വാമിയുടെ ശാരീരിക ശേഷിയും കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ കേസില്‍ വീഴ്ചപറ്റിയത് പ്രോസിക്യൂഷനാണ്. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച സാക്ഷിമൊഴികള്‍ കണക്കിലെടുത്ത് തന്നെയാണ് ഗോവിന്ദസ്വാമിയെ കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴുവാക്കിയത്. 

മെഡിക്കല്‍ തെളിവും, സാക്ഷിമൊഴികളും ഉണ്ടെങ്കില്‍ സാക്ഷിമൊഴിക്ക് തന്നെയാണ് പ്രധാന്യം. ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ തെളിവുകള്‍ അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാകും. ഡോക്ടര്‍മാരുടെ അഭിപ്രായം തെളിവായി സ്വീകരിക്കാനാകില്ല. ഒരാളെ തൂക്കിലേറ്റണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 101 ശതമാനം തെളിവുണ്ടെങ്കിലേ ഒരാളെ തൂക്കിലേറ്റാനാകു. സംശയത്തിന്റെ ഒരു കണിക പോലും അവശേഷിക്കരുത്. തെളിവ് ഹാജരാക്കിയാല്‍ കോടതി ആ ഉത്തരവാകും ആദ്യം പുറപ്പെടുവിക്കുക എന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രോസിക്യൂഷന് പറ്റിയ വീഴ്ച സെല്‍ഫ് ഗോളാകാമെന്ന് സര്‍ക്കാരിന് വേണ്ടി കേസ് വാദിച്ച അഭിഭാഷകന്‍ ഇതിനിടെ സമ്മതിച്ചു. കേസ് വിശദമായി പഠിക്കാനുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള സര്‍ക്കാരിന്റെ ആവശ്യം ആദ്യം നിഷേധിച്ച കോടതി പിന്നീട് പൂജ അവധിക്ക് ശേഷമുള്ള തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.