തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. കോടതിയില്‍ ഹാജരാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണവും സുരക്ഷയും കേരള സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
ഹാദിയക്ക് ജീവന് ഭീഷണിയുണ്ടെന്നും മയക്കി കിടത്താന്‍ മരുന്നുകള്‍ നല്‍കുന്നുവെന്നും വെളിപ്പെടുത്തലുകള്‍ വന്ന സ്ഥിതിക്ക് കൂടുതല്‍ ഗൗരവത്തോടെ സര്‍ക്കാര്‍ ഇതില്‍ ഇടപെടണം. നിശ്ചിത ഇടവേളകളില്‍ സര്‍ക്കാര്‍ തന്നെ വൈദ്യപരിശോധന ഉറപ്പാക്കണം. ഇത്ര ഗൗരവമുള്ള സ്ഥിതിവിശേഷമുണ്ടായിട്ടും നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ എം.എല്‍.എയോ മറ്റ് ജനപ്രതിനിധികളോ പോലും ഹാദിയയെ സന്ദര്‍ശിക്കാനോ സ്ഥിതിഗതികള്‍ പഠിക്കാനോ ശ്രമിച്ചില്ല എന്നത് അത്യന്തം അപലപനീയമാണ്.
വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പാലിച്ച മൗനവും അപകടകരമാണ്. ഇവരൊക്കെ ഇനിയെങ്കിലും ഹാദിയയുടെ സുരക്ഷാപ്രശ്നത്തില്‍ ഇടപെടണം. സ്വബോധത്തിലും ജീവനോടെയും ഹാദിയയെ കോടതിയല്‍ ഹാജരാക്കാനുള്ള സാഹചര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഒരുക്കണം. സംഘ്പരിവാറിന്റെ ഗൂഢതന്ത്രങ്ങള്‍ വിജയിക്കാന്‍ കേരളാ സര്‍ക്കാര്‍ വഴിമരുന്നിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
