ദില്ലി: 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകളാണ് പുനരന്വേഷിക്കാനൊരുങ്ങുന്നത്.

കുറഞ്ഞത് ഡി.ഐ.ജി റാങ്കിലെങ്കിലും സേവനമനുഷ്‌ടിച്ച വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും സര്‍വീസിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ഈ ബെഞ്ചിലെ മറ്റംഗങ്ങള്‍.