ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കി. പാനമ അഴിമതിക്കേസിൽ ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. പ്രധാനമന്ത്രി ഉടന്‍ രാജി വയ്ക്കണമെന്നും ഷെരീഫിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.  അ‍ഞ്ചംഗ ബഞ്ച് ഏകകണ്ഠമായാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. 

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷെരീഫിന്റഎ കുടുംബം അഴിമതി നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.