ദില്ലി: സിനിമ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിയില്‍ സുപ്രീംകോടതി ഇളവ് പ്രഖ്യാപിച്ചു. കുഷ്ഠരോഗികള്‍ക്കും കാഴ്ചശക്തിയില്ലാത്തവരും ദേശീയ ഗാനത്തിന്‍റെ സമയത്ത് എഴുന്നേല്‍ക്കേണ്ടതില്ലെന്നാണ് ഇളവ്.ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഉൾപ്പടെ നിരവധി അപേക്ഷകളാണ് കോടി പരിഗണിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേ സമയം രാജ്യത്തെ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി. പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നിര്‍ദേശം. നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ ആഗസ്റ്റ് 23 ന് അടുത്ത വാദം നടക്കും.
വന്ദേമാതരം ദേശീയഗാനമാക്കി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടെത്തിയ ഹര്‍ജി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഫെബ്രുവരി 17നായിരുന്നു ഇത്. അശ്വിനി ഉപാധ്യായ് എന്ന അഭിഭാഷകന്‍ സമര്‍പിച്ച ഹര്‍ജി ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗണ്ടര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് കേന്ദ്രം സ്‌കൂളുകളില്‍ വന്ദേമാതരം കൊണ്ടുവരുന്നത്.
