നാല് വർഷമായി ജയിലാണെന്നും ദൃക്ഷസാക്ഷികളുടെ വിസ്താരം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും അബ്ദുൾ സലാമിൻ്റെ അഭിഭാഷകർ വാദിച്ചു. എന്നാൽ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്ന് വാദമുയർത്തി ജാമ്യം സംസ്ഥാനം എതിർത്തു.
ദില്ലി പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ ഒന്നാം പ്രതി അബ്ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് പി.ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്ന് ദൃക്ഷസാക്ഷികളുടെ വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്. കഴിഞ്ഞ നാല് വർഷമായി ജയിലാണെന്നും ദൃക്ഷസാക്ഷികളുടെ വിസ്താരം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും അബ്ദുൾ സലാമിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ വിഷ്ണു പി എന്നിവർ വാദിച്ചു. എന്നാൽ സംസ്ഥാനസർക്കാരിനായി ഹാജരായ സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ ജോസഫ് ഇതിനെ ശക്തമായി എതിർത്തു. സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ ഈ എതിർപ്പ് മറികടന്നാണ് സുപ്രീംകോടതി ജാമ്യം നൽകിയത്.2022 നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് , എസ് ഡിപിഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം. 24 പേരാണ് കേസിൽ പ്രതികൾ.
