ദില്ലി: മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയ കേസില്‍ ഒരാഴ്ചക്കകം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എന്‍.ഐ.എക്കും സംസ്ഥാന സര്‍ക്കാറിനുമാണ് സുപ്രീം കോടതി നോട്ടീസ് നല്കിയത്. വൈക്കം സ്വദേശിയായ ഹാദിയ വീട്ടുതടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

കോടതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലം ഹര്‍ജിക്കാരനുണ്ടോയെന്നും കോടതി ചോദിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി, ഹദിയയെ മാതാപിതാക്കളോടാപ്പം വിട്ടയച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.