ന്യൂഡൽഹി: രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം കുത്തനെ കൂട്ടി. നേരത്തെ പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അംഗീകാരം നൽകി. ഏഴാം ശന്പള കമ്മിഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ശമ്പള പരിഷ്കരണ ബിൽ അവതരിപ്പിച്ചതും രാഷ്ട്രപതി അംഗീകാരം നൽകിയതും.
സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 2.80 ലക്ഷം രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. കൂടാതെ, സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും പ്രതിമാസ വേതനം 2.50 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് 90,000 രൂപയായിരുന്നു. 80,000 രൂപയായിരുന്ന ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 2.25 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ശന്പളത്തിനു പുറമേ ജഡ്ജിമാർക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് നിയമമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധനവ്.
