ദില്ലി: സുപ്രീംകോടതിയിലെ തര്‍ക്കങ്ങൾ തീര്‍ക്കാൻ ബാര്‍ അസോസിയേഷൻ, ബാര്‍ കൗണ്‍സിൽ പ്രതിനിധികൾ ഇന്ന് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയേക്കും. പ്രശ്നപരിഹാരത്തിനായി ഫുൾ കോര്‍ട്ട് വിളിക്കണമെന്നാണ് ബാര്‍ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ച്ചകൾക്കായി ബാര്‍ കൗണ്‍സിൽ ഏഴംഗ സമിതിക്കം രൂപം നൽകിയിട്ടുണ്ട്.
ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം തീർക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ ഇന്നലെ പ്രമേയം പാസാക്കിയിരുന്നു. പൊതുതാല്പര്യ ഹര്‍ജികൾ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജാര്‍ ഉൾപ്പെട്ട കോടതികളിക്ക് മാറ്റുകയും പ്രശ്നപരിഹാരത്തിനായി ഫുൾ കോര്‍ട്ട് വിളിക്കുകയും വേണമെന്ന് ബാര്‍ അസോസിയേഷൻ ആവശ്യപ്പെട്ടു.
ജഡ്ജിമാരെ അനുനയിപ്പിക്കാൻ ബാര്‍ കൗണ്‍സിൽ ഓഫ് ഇന്ത്യ ഏഴംഗ സമിതിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. ബാര്‍ അസോസിയേഷൻ, ബാര്‍ കൗണ്‍സിൽ പ്രതിനിധികൾ ഇന്ന് ചീഫ് ജസ്റ്റിസിനെയും മറ്റ് സുപ്രീംകോടതി ജഡ്ജിമാരെയും കണ്ടേക്കും. പ്രശ്നങ്ങൾ എത്രയും വേഗം തീരുമെന്നാണ് ഇന്നലെ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലും പറഞ്ഞത്. തൽക്കാലത്തേക്ക് പ്രശ്നങ്ങൾ തീര്‍ന്നാലും വരുംദിവസങ്ങളിലെ സുപ്രീംകോടതിയിലെ സാഹചര്യങ്ങൾ എന്താകും എന്നതിൽ ആശങ്കയുണ്ട്.
സിബിഐ കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കേസ് നാളെ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. സുപ്രീംകോടതിയിലെ സ്ഥിതി ജനങ്ങൾക്ക് മുമ്പിൽ പറഞ്ഞതോടെ പ്രശ്നങ്ങൾ തീര്‍ന്നുവെന്നാണ് ഇന്നലെ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞത്. പക്ഷെ, കുര്യൻ ജോസഫ് ഉൾപ്പടെ പ്രതിഷേധിച്ച ജഡ്ജിമാരും ചീഫ് ജസ്റ്റിസും പ്രത്യക്ഷത്തിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. അതുകൊണ്ട് നാളെ കോടതികൾ തുടങ്ങുന്നതിന് മുമ്പ് പ്രശ്നങ്ങൾ തീരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. തീര്‍ന്നില്ലെങ്കിൽ ചൊവ്വാഴ്ച ചേരേണ്ട ഭരണഘടന ബെഞ്ചുകളുടെ സ്ഥിതി പ്രതിസന്ധിയിലാകും.
