ദില്ലി: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസിന് എതിരെ അടക്കം അഴിമതി ആരോപണം ഉന്നയിച്ച അഭിഭാഷകരായ പ്രശാന്ത് ഭുഷണ്‍, ദുഷ്യന്ത് ദവെ എന്നിവരുടെ നടപടി കോടതിയലക്ഷ്യമാണ്. എന്നാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ജഡ്ജിമാര്‍ നിയമത്തിനു മുകളിലല്ല. എന്നാല്‍ ശരിയായ നടപടിക്രമം തന്നെ പാലിക്കണം. ഒരു കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഒരു ജഡ്ജിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ കോടതിയുടെ അന്തസ്സിന് കോട്ടം തട്ടി. ജുഡീഷ്യറിക്കെതിരെ അനാവശ്യ സംശയങ്ങള്‍ ഉന്നയിച്ചത് ഖേദകരമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

കോഴയുടെ പേരില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുന്ന ഹര്‍ജി പരിഗണിക്കാമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി സമ്മതിച്ചത്. അരുണാചല്‍ പ്രദേശിലെ ഡയറി കോഴ ആരോപണവും ഒഡീഷയിലെ സ്വകാര്യ മെഡിക്കല്‍ കോഴ ആരോപണവും ഉന്നയിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി കോടതിയില്‍ എത്തിയത്.