സര്‍ക്കാർ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, റെയിൽവെ സ്റ്റേഷനുകൾ, ടോൾ പ്ലാസ ഉൾപ്പടെയുള്ള അവശ്യസേവനങ്ങൾക്ക് അസാധു നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടുന്നകാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ കാര്യത്തിൽ സര്‍ക്കാർ നയപരമായി എടുത്ത തീരുമാനമായതുകൊണ്ട് ഉത്തരവുകളൊന്നും ഇറക്കുന്നില്ല. എന്നാൽ സഹകരണ ബാങ്കുകളിലെ നിക്ഷേപം ആര്‍.ബി.ഐ സ്വീകരിക്കുമ്പോൾ മറ്റ് ബാങ്കുകൾക്ക് നൽകുന്നതുപോലെ സഹകരണ ബാങ്കുകൾക്കും പുതിയ കറൻസി ലഭ്യമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ആഴ്ചയിൽ നിക്ഷേപകര്‍ക്ക് 24,000 രൂപ ലഭിക്കുമെന്ന് സര്‍ക്കാർ ഉറപ്പുവരുത്തണം. നോട്ട് അസാധുവാക്കിയതിലെ ഭരണസാധുത പരിശോധിക്കാൻ കേസ് ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. സഹകരണ ബാങ്കുകളോടുള്ള വിവേചനം ഉൾപ്പടെ ഭരണഘടന ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളും കോടതി തയ്യാറാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതികളിലെ അസാധുനോട്ട് കേസുകളെല്ലാം സ്റ്റേ ചെയ്ത് സുപ്രീം കോടതിയിലേക്ക് മാറ്റുകയും ചെയ്തു.