എല്ലാ തീയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുകയും ആ സമയത്ത് സ്ക്രീനില്‍ ദേശീയ പതാക കാണിക്കുകയും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. കാണികള്‍ ഈ സമയത്ത് എഴുനേറ്റ് നില്‍ക്കണം. ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള അനാദരവ് തടയണം എന്നാവശ്യപ്പെട്ട് ഭോപ്പാല്‍ സ്വദേശി നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രാജ്യത്തെ ജനങ്ങള്‍ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ആദരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ദേശീയ പതാക ഉപയോഗിക്കരുതെന്നും കോടതി ഇന്നത്തെ ഉത്തരവില്‍ പറയുന്നുണ്ട്.
ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും നല്‍കുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കി. അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രചരിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2003ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാനത്തെ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തരവിട്ടിരുന്നു.
