ദില്ലി: സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നു നടക്കാന്‍ സാധ്യത. ജസ്റ്റിസ് ജെ ചലമേശ്വര്‍ പനി കാരണം വിശ്രമത്തിലായതിനാല്‍ ബുധനാഴ്ച്ച വൈകിട്ട് നിശ്ചയിച്ച ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ച നടന്നില്ല. പ്രശ്നം പരിഹരിച്ചിട്ടില്ലെന്നും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശമൊന്നും ഉയര്‍ന്നിട്ടില്ലെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വികാസ് സിംഗ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ദില്ലി ഹൈക്കോടതി മാതൃകയില്‍ കേസുകള്‍ ആര്‍ക്ക് കൈമാറുന്നു എന്നത് സുതാര്യമായി വെളിപ്പെടുത്തണം എന്ന നിര്‍ദ്ദേശമാണ് ബാര്‍ അസോസിയേഷന്‍ മുന്നോട്ടു വച്ചത്. മെഡിക്കല്‍ കോഴ കേസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും ബാര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.