ചേര്‍ത്തല: ചേർത്തല കെവിഎം ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം തടയാനുളള മാനേജ്‌മെന്‍റ് ശ്രമത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. സമരപ്പന്തൽ പൊളിച്ചുമാറ്റി നേഴ്‌സുമാരെ നീക്കാൻ പൊലീസിന് നിർദ്ദേശം നല്‍കണമെന്ന മാനേജ്‌മെന്‍റിന്‍റെ ആവശ്യം കോടതി തള്ളി.
ആശുപത്രിയിലേക്കുള്ള വാഹനങ്ങളെയും രോഗികളെയും തടയരുതെന്ന മുനിസിഫ് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഉത്തരവുകളുടെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
സമര രംഗത്തുള്ള നേഴ്സുമാർ ആശുപത്രിക്ക് പുറത്ത് തെമ്മാടികളെപ്പോലെയാണ് പെരുമാറുന്നതെന്നും പോലീസ് ഇടപെടൽ ആവശ്യമാണെന്നും മാനേജ്‌മെന്‍റ് വാദിച്ചു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്നതടക്കം നിരീക്ഷണങ്ങളുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.
