Asianet News MalayalamAsianet News Malayalam

സാലറി ചലഞ്ചിൽ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി; ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി

പണം നൽകാനാകാത്തവർ അത് പ്രഖ്യാപിച്ച് അപമാനിതരാകണോ? പിരിച്ച പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന വിശ്വാസ്യതയുണ്ടാക്കേണ്ടത് സർക്കാരാണ്. കിട്ടിയ പണം വേറെ കാര്യത്തിനുപയോഗിച്ച ഉദാഹരണങ്ങൾ മുമ്പുമുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

supreme court on salary challenge
Author
Delhi, First Published Oct 29, 2018, 1:26 PM IST

ദില്ലി: സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സർക്കാരിന് തിരിച്ചടി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നൽകാനാകാത്ത ഉദ്യോഗസ്ഥർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീൽ തള്ളിയ സുപ്രീംകോടതി സംഭാവന കിട്ടിയ പണം കൃത്യമായി ഉപയോഗിക്കുന്നുവെന്നത് ഉറപ്പാക്കേണ്ടത് സർക്കാരാണെന്നും പറഞ്ഞു. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് വിനീത് സരൺ എന്നിവർ അംഗങ്ങളായ ബ‍ഞ്ചാണ് സർക്കാരിന്‍റെ അപ്പീൽ പരിഗണിച്ചത്.

ശമ്പളം നൽകാൻ കഴിയാത്തവർ അത് നാട്ടുകാരെ അറിയിച്ച് അപമാനിതരാകണോ എന്ന് കോടതി ചോദിച്ചു. ശമ്പളത്തില്‍ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന  ഉറപ്പും വിശ്വാസ്യതയും ഉണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സര്‍‌ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ശമ്പളം നല്‍കാന്‍ സമ്മതം ഉള്ളവർ സർക്കാരിനെ അറിയിച്ചാൽ മതി. വിസമ്മതപത്രം നൽകണമെന്നത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരമൊരു വ്യവസ്ഥ  അംഗീകരിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.

താനും തന്‍റെ സഹജഡ്‍ജിയും (ജ.വിനീത് ശരൺ) കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഇരുപത്തയ്യായിരം രൂപ സംഭാവന നൽകിയതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എന്നാൽ ഈ തുക എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയില്ല. മധ്യപ്രദേശിലെ വെള്ളപ്പൊക്കകാലത്തും സമാനമായ അവസ്ഥയുണ്ടായിട്ടുണ്ട്. സർക്കാർ പിരിച്ച തുക വകമാറ്റി ചെലവഴിച്ച വിവരം തന്‍റെ ചേംബറിലേയ്ക്ക് വന്നാൽ വിശദമായി പറഞ്ഞുതരാമെന്നും ജസ്റ്റിസ് അരുൺ മിശ്ര അഭിഭാഷകരോട് പറ‍‍ഞ്ഞു.

''സുപ്രീംകോടതി ജഡ്‍ജിമാരെന്ന നിലയിൽ ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകിയത്. അഥവാ, ഞങ്ങൾക്ക് പണം നൽകാൻ താത്പര്യമില്ലെങ്കിൽ അത് നാട്ടുകാരെ അറിയിച്ച് സ്വയം അപമാനിതരാകണമായിരുന്നോ?'' ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. നിർബന്ധിച്ച് വിസമ്മതപത്രം വാങ്ങിയ്ക്കുന്ന തരത്തിലല്ല സർക്കാർ പ്രവർത്തിയ്ക്കേണ്ടതെന്ന് ജസ്റ്റിസ് വിനീത് ശരണും അഭിപ്രായപ്പെട്ടു. ഇതേത്തുടർന്നാണ് സംസ്ഥാനസ‍ർക്കാരിന്‍റെ അപ്പീൽ തള്ളുന്നതായി കോടതി വ്യക്തമാക്കിയത്.

സമ്മതപത്രം നൽകിയവരിൽ നിന്ന് മാത്രമേ തുക ഈടാക്കൂവെന്ന് ധനമന്ത്രി

lതിരുവനന്തപുരം: അതേസമയം സാലറി ചലഞ്ചില്‍ സുപ്രീംകോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സമ്മതപത്രം നൽകിയവരിൽ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് തോമസ് ഐസക് വ്യക്തമാക്കി. കോടതി വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വടി കൊടുത്തു വാങ്ങിയ അടിയെന്ന് ചെന്നിത്തല

സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിന് ഏറ്റ വന്‍തിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വടി കൊടുത്ത് അടിവാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത്. ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സുപ്രീംകോടതിയിലെ നിയമയുദ്ധത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശിയാണെന്ന് അദ്ദേഹം വിമർശിച്ചു. 

സംഭാവന നല്‍കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നു പറയുന്നത് ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും  ഇതിനകം വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ പൊതുജനമധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്ക് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതിചെലവിനുള്ള തുക ഈടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios