കാന്‍സര്‍ രോഗചികിത്സക്ക് ജേക്കബ് സ്റ്റീഫന് കോടതി ജാമ്യം നല്‍കിയിരുന്നു.
ദില്ലി: സൂര്യനെല്ലി കേസിലെ പത്താംപ്രതി ജേക്കബ് സ്റ്റീഫന്റെ ജാമ്യ കാലാവധി സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി നീട്ടി. കാന്സര് രോഗചികിത്സക്ക് ജേക്കബ് സ്റ്റീഫന് കോടതി ജാമ്യം നല്കിയിരുന്നു.
സൂര്യനെല്ലി പെണ്വാണിഭ കേസില് ഏഴ് വര്ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ജേക്കബ് സ്റ്റീഫന്. കേസില് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്മ്മരാജന് അടക്കമുള്ള പ്രതികള് കഴിഞ്ഞ നവംബറില് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല് മുഴുവന് പ്രതികളുടെയും അവര് ചെയ്ത കുറ്റകൃത്യങ്ങളുടെയും വിശദമായ പട്ടിക ഹാജരാക്കി സംസ്ഥാന സര്ക്കാര് അന്ന് ജാമ്യത്തെ എതിര്ത്തു.
1996 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂള് വിദ്യാര്ത്ഥിനിയായ 16 കാരിയെ സ്നേഹം നടിച്ച് ബസ് കണ്ടക്ടര് തട്ടിക്കൊണ്ടുപോയി ഒട്ടേറെപേര്ക്ക് കാഴ്ചവച്ചെന്നാണ് കേസ്. പ്രതികളിലും ആരോപണവിധേയരിലും സമൂഹത്തില് ഉന്നതപദവികള് അലങ്കരിക്കുന്നവര് വരെ ഉണ്ടായിരുന്നു. ആദ്യം 35 പേരെയാണ് വിചാരണക്കോടതി നാല് മുതല് പതിമൂന്ന് വര്ഷം വരെ ശിക്ഷിച്ചത്. എന്നാല് പെണ്കുട്ടിയുടെ സമ്മതത്തോടെയാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടി മുഴുവന് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ഈ വിധി റദ്ദാക്കി 2013 ല് സുപ്രീംകോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. 2014 ല് 24 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, അഭിഭാഷകനായ ധര്മ്മരാജന് ജീവപര്യന്തവും മറ്റ് പ്രതികള്ക്ക് മൂന്ന് മുതല് 13 വര്ഷം വരെ കഠിനതടവും വിധിച്ചു.
