ലൈംഗിക പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ ഒരുതരത്തിലും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാനോ   പ്രക്ഷേപണം ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി. ചിത്രങ്ങള്‍ മോർഫ് ചെയ്തോ മങ്ങിപ്പിച്ചോ പ്രസിദ്ധീകരിക്കരുത്. പീഡനത്തിനിരയായ കുട്ടികളുടെ അഭിമുഖങ്ങളും നൽകാൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ദില്ലി: ലൈംഗിക പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ ഒരുതരത്തിലും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി. ചിത്രങ്ങള്‍ മോർഫ് ചെയ്തോ മങ്ങിപ്പിച്ചോ പ്രസിദ്ധീകരിക്കരുത്. പീഡനത്തിനിരയായ കുട്ടികളുടെ അഭിമുഖങ്ങളും നൽകാൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ബിഹാറിലെ മുസഫർപുരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 34 പെൺകുട്ടികൾ പീഡനത്തിനിരയായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറത്തിറക്കിയത്. ഈ കേസിലെ പെൺകുട്ടികളെ ദൃശ്യമാധ്യമങ്ങൾ നിരന്തരം അഭിമുഖത്തിന് വിധേയരാക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇരകളുമായി അഭിമുഖം നടത്തി അവർക്ക്‌ വീണ്ടും മാനസികാഘാതം നൽകരുതെന്ന് കോടതി ആവശ്യപ്പെട്ടു.

ഇരകളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം പ്രൊഫഷണൽ കൗൺസിലർമാരുടെയും കുട്ടികളുടെ മനശ്ശാസ്ത്രജ്ഞരുടെയും സഹായം തേടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുസഫർപുർ കേസിൽ ബിഹാർ സർക്കാരിനും വനിത-ശിശുക്ഷേമ മന്ത്രാലയത്തിനും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിനും (ടിസ്സ്) ഇത് സംബന്ധിച്ച് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.