ദില്ലി: പെൺകുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതെന്തിനെന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി. വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിർണയിക്കുന്നതിന് പിന്നിലെ കാര്യം എന്താണെന്ന് ജസ്റ്റിസുമാരായ എം.ബി. ലുക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.
പെൺകുട്ടിയുടെ വിവാഹത്തിന് 15 മുതൽ 18 വയസ്സുവരെ വ്യത്യസ്തമായ ശൈശവ വിവാഹ നിരോധന നിയമങ്ങളാണുള്ളത്. ഹിന്ദു വിവാഹ നിയമത്തിൽ ഇത് വ്യത്യസ്തമാണ്. ഒരു പ്രത്യേകനിയമം അനുശാസിക്കുന്നതുകൊണ്ട് രാജ്യത്ത് ശൈശവ വിവാഹം വ്യാപകമാകുന്നതിൽ ആശങ്കയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
15-നും 18-നും ഇടയിൽ പ്രായമുളള ഭാര്യയുമായി ശാരീരികബന്ധം പുലർത്താൻ ഭർത്താവിനെ അനുവദിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. വാദം ബുധനാഴ്ചയും തുടരും.
