താജ്മഹൽ സം​രക്ഷണത്തിനുള്ള നടപടികൾ ഉൾപ്പെടുത്തിയ രേഖ നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതിയിൽ നിന്നും നിർദ്ദേശമുണ്ട്


ദില്ലി: പ്രണയസ്മാരകമായ താജ്മഹൽ സംരക്ഷിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് യോ​ഗി സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. പരിസ്ഥിതി മലിനീകരണവും മറ്റ് പ്രശ്നങ്ങളും മൂലം താജ്മഹൽ നാശത്തിന്റെ വക്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യോ​ഗി സർക്കാരിന് കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്. താജ്മഹൽ സം​രക്ഷണത്തിനുള്ള നടപടികൾ ഉൾപ്പെടുത്തിയ രേഖ നാല് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതിയിൽ നിന്നും നിർദ്ദേശമുണ്ട്. 

2018 ആ​ഗസ്റ്റിൽ താജ്മഹലിന് സമീപം സ്ഥിതി ചെയ്യുന്ന പാർക്കിം​ഗ് ഏരിയ മാറ്റണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പുകമലിനീകരണം കൊണ്ട് താജ്മഹലിന് കേടുപാടുകൾ സംഭവിക്കുന്നു എന്ന് കാണിച്ച് പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇത്. യമുനാ നദിയിൽ നിന്നുള്ള മണൽവാരലും പൊടിക്കാറ്റും കൂടാതെ സന്ദർശകർ മാർബിളിൽ തൊട്ടുനോക്കുന്നതും താജ്മഹലിന് ഭീഷണി ഉയർത്തിയിരുന്നു. 1996 ൽ താജ്മഹലിന് സമീപത്ത് വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു.