കത്വ സംഭവത്തിലടക്കം ശക്തമായ നടപടിആവശ്യപ്പെട്ട് എല്ലാ ദിവസവും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്ഗസ് തീരുമാനിച്ചു

ദില്ലി: ജമ്മുവില്‍ എട്ട് വസസ്സുകാരി പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. അന്വേഷണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൊലീസുകാരടക്കം എട്ടുപേര്‍ പ്രതികളായ ജമ്മുകശ്മീരിലെ കത്വ കൂട്ടബലാല്‍സംഗ കേസിലെ നടപടികള്‍ തടസ്സപ്പെടുത്തുന്ന അഭിഭാഷകര്‍ക്ക് ശക്തമായ താക്കീത് നല്‍കിയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. സുപ്രീംകോടതിയുടെ ഇടപെടലോടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. 

ജനുവരി മാസത്തില്‍ നാല് ദിവസം ക്ഷേത്രത്തിലെ പൂജാമുറിയില്‍ തടവില്‍ വെച്ചാണ് എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതിഷേധങ്ങള്‍ ശക്തമായതോടെ മാത്രമാണ് മുഴുവന്‍ പ്രതികളുടേയും അറസ്റ്റ് ഉള്‍പ്പെടയുള്ള നടപടികള്‍ ഉണ്ടായത്. തുടര്‍ച്ചയായുള്ള ഭീഷണികളെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് കത്വായിലെ രസാന ഗ്രാമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 

കത്വ സംഭവത്തിലെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ് പിഡിപി എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കേസിലെ കുറ്റവാളികള്‍ക്ക് അനുകൂലമായി സംസാരിച്ച ബി.ജെ.പി മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇക്കാര്യത്തില്‍ പിഡിപി എടുക്കുന്ന രാഷ്ട്രീയ നിലപാട് നിര്‍ണായകമാകും. അതേസമയം കത്വ സംഭവം രാഷ്ട്രീയവത്കരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി

ജമ്മു പെണ്‍കുട്ടിക്ക് നീതി കിട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തി. കത്വ സംഭവത്തിലടക്കം ശക്തമായ നടപടിആവശ്യപ്പെട്ട് എല്ലാ ദിവസവും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്ഗസ് തീരുമാനിച്ചു. ഇതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു.