ശ്വേതാ ഭട്ട് തന്റെ  ഭർത്താവിന് നേരിടേണ്ടി വന്ന അനീതി ചൂണ്ടിക്കാണിച്ച് ഹർജി നൽകിയിരുന്നു. ശ്വേതയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സുപ്രീം കോടതി ​ഗുജറാത്ത് സർ‌ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ദില്ലി: മുൻ പൊലീസ് ഓഫീസറായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സഞ്ജീവ് ഭട്ടിനെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ശ്വേതയുടെ ഹർജി. ഇരുപത് വർഷം മുമ്പുള്ള കേസിൽ ഇടപെടാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ് അധ്യക്ഷനായ ബെഞ്ച് വിധിയിൽ പറയുന്നത്.

സെപ്റ്റംബർ അഞ്ചിനാണ് 1996 ലെ കേസുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1996-ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കന്ത ഡി.സി.പിയായിരുന്ന സമയത്ത് വ്യാജ നാര്‍ക്കോട്ടിക്സ് കേസില്‍ ഒരു അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഇരുപത് വർഷത്തിന് ശേഷമാണ് ഈ കേസിൽ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുന്നത്. 

​ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് അന്ന് അധികാരത്തിലിരുന്ന മോദി സർക്കാരിനെ വിമർശിച്ചു എന്നാരോപിച്ചാണ് ഭട്ടിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയത്. 2015ലായിരുന്നു ഈ സംഭവം. ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ടിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ശ്വേതാ ഭട്ട് തന്റെ ഭർത്താവിന് നേരിടേണ്ടി വന്ന അനീതി ചൂണ്ടിക്കാണിച്ച് ഹർജി നൽകിയിരുന്നു. ശ്വേതയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സുപ്രീം കോടതി ​ഗുജറാത്ത് സർ‌ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയെ സമീപിക്കുന്നതിൽ നിന്ന് സജ്ഞീവ് ഭട്ടിനെ പൊലീസ് വിലക്കുന്നുവെന്ന ആരോപണം പരിശോധിക്കാനും കോടതി വിസമ്മതം പ്രകടിപ്പിച്ചു.