ജനകീയപ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പനീര്‍ശെല്‍വം ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. തമിഴ് ജനതയുടെ സാംസ്കാരിക പെരുമയെ ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പനീര്‍ ശെല്‍വത്തെ അറിയിച്ചു. അതേസമയം പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാറിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും എങ്കിലും തമിഴ്നാട്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കാമെന്നും നരേന്ദ്ര മോദി തമിഴ്നാട്ട് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. ജെല്ലിക്കെട്ടിനായി തമിഴ്നാട്ടില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ഇതിനിടെ സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരോട് വിഷയം മദ്രാസ് ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.
ജെല്ലിക്കെട്ട് നിരോധനിച്ചതിന് പിന്നാലെ ജെല്ലിക്കെട്ടിനായി കാളകളെ ഉപയോഗിക്കുന്നതിനുള്ള തടസ്സം നീക്കി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞപാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതിക്ക് മുന്നിലുള്ളത്. കേസില്‍ വിധി വരാനിരിക്കെ ഓര്‍ഡിന്‍സ് ഇറക്കാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നിന്നുള്ള കടുത്ത ഇടപെടലുകള്‍ ഉണ്ടായേക്കും. അതുകൊണ്ട് ജെല്ലിക്കെട്ടിനെ തള്ളാതെ ജനകീയ പ്രക്ഷോഭത്തെ രാഷ്‌ട്രീയമായി അനുകൂലമാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരും ഒപ്പം തമിഴ്നാട് സര്‍ക്കാരും നടത്തുന്നത്.
