വിവാഹ മോചനത്തിന് ശേഷവും സ്ത്രീകള്‍ക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്താനാണ് ഇതെന്ന് കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിലെ ഒരു കേസിലാണ് സുപ്രീംകോടതി വിധി.
വിവാഹ മോചനത്തിന് ശേഷം ഭാര്യക്ക് ഭര്‍ത്താവ് നല്‍കേണ്ട ജീവനാംശം സംബന്ധിച്ച അവ്യക്തകള്‍ നീക്കിക്കൊണ്ടാണ് പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. വിവാഹ മോചനത്തിന് ശേഷം ഭര്‍ത്താവിന്റെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക ഭാര്യക്ക് എല്ലാമാസവും ജീവനാംശമായി നല്‍കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനത്തിന് ശേഷവും മാന്യമായും സുരക്ഷിതമായും സ്ത്രീക്ക് ജീവിക്കാന്‍ വേണ്ടിയാണ് ഇതെന്ന് ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എം.എം.ശാന്തനോ ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
പശ്ചിമബംഗാളിലെ ഹൂഗ്‌ളി സ്വദേശിയായ സ്ത്രീക്കും മകനും വിവാഹ മോചനത്തിന് ശേഷം 4500 രൂപ പ്രതിമാസം ജീവനാംശമായി ഭര്‍ത്താവ് നല്‍കണമെന്ന് 2003ല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. അത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജീവനാംശം 16,000 രൂപയാക്കി ഉയര്‍ത്തി. പിന്നീട് 2016ല്‍ ഇത് 23,000 രൂപയാക്കി കൂട്ടി. പുതിയ വിവാഹം കഴിച്ച സാഹചര്യത്തില്‍ തുക കുറക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭര്‍ത്താവാണ് സുപ്രീംകോടതിയിലെത്തിയത്.
സ്ത്രീക്ക് മാന്യമായി ജീവിക്കാന്‍ ഭര്‍ത്താവിന്റെ പ്രതിമാസ ശമ്പളത്തിന്റെ 25 ശതമാനം തന്നെയാണ് നല്‍കേണ്ടതെന്ന് പറഞ്ഞ കോടതി പക്ഷെ, ഈ കേസില്‍ 25 ശതമാനം കണക്കാക്കി പ്രതിമാസം നല്‍കേണ്ട 23,000 രൂപയില്‍ 3000 രൂപ കുറവുവരുത്തി. പുതിയ വിവാഹം കഴിച്ച സാഹചര്യത്തില്‍ പുതിയ കുടുംബത്തെ കൂടി നോക്കണ്ട സാഹചര്യത്തിലാണ് ഇതെന്നും കോടതി വ്യക്തമാക്കി.
