ദില്ലി: കേരളത്തിലെ ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ബാലനീതി നിയമ പ്രകാരമുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ രണ്ടാഴ്ച്ചയ്ക്കകം കൃത്യമായ പദ്ധതി സമർപ്പിക്കണം. രജിസ്‌ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം വ്യക്തി പരമായി ഏറ്റെടുക്കാൻ ആകില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു.

ആവശ്യമായ മുൻകരുതൽ സ്വീകരിക്കാമെന്നും സത്യവാങ്മൂലംത്തില്‍ വ്യക്തമാക്കി. രജിസ്ട്രേഷന് ആറുമാസം സാവകാശം നൽകാൻ ആകില്ലെന്ന് കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്കകം സർക്കാർ നൽകുന്ന പദ്ധതി പരിശോധിച്ച് സമയപരിധി നീട്ടി നൽകുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് അനാഥാലയ ഉടമകളും സത്യവാങ്മൂലം നൽകി. അനാഥാലയങ്ങൾക്ക് ഭീഷണിപ്പെടുത്താനും ഭീഷണിക്ക് വഴങ്ങാനും സർക്കാർ വഴിയൊരുക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.